കൊച്ചി: തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്നും വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ.
പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ:
‘വ്യക്തിപരമായി പകപോക്കുന്നതിനും എന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടന്നുവരുന്നതായി ശ്രദ്ധയിൽപെടുകയുണ്ടായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിൽ, തകർക്കുന്നതിൽ അതിൻറെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീർത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികൾ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ ഉയർത്തെഴുന്നേൽപിക്കാനും ജീർണതയുടെ അഗാധ ഗർത്തങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണ്’.
‘ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സവിനയം അഭ്യർഥിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്ന് അറിയിക്കുകയും ചെയ്യുന്നു. എന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പൊതുകാര്യങ്ങളിൽ പ്രോത്സാഹനം നൽകുകയും ചെയ്തുവരുന്ന എന്റെ എല്ലാ സൗഹൃദങ്ങളും ഈ അടിസ്ഥാനരഹിതമായ എല്ലാ അപവാദപ്രചരണങ്ങളേയും തള്ളിക്കളയണമെന്ന് സവിനയം അഭ്യർഥിക്കുന്നു’.

