കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹീം കുഞ്ഞ് സാഹിബിന്റെ നിര്യാണം അതീവ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ വേർപാട് മുസ്ലിം ലീഗിനും കേരളീയ പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.
വിദ്യാർത്ഥി പ്രസ്ഥാനമായ എംഎസ്എഫിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്ന ഇബ്രാഹീം കുഞ്ഞ് സാഹിബ്, മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി അംഗമായും സംസ്ഥാന വൈസ് പ്രസിഡന്റായും സംഘടനാ വളർച്ചയ്ക്കും ശക്തിപ്പെടലിനും നിർണായക പങ്കുവഹിച്ചു. അർപ്പണബോധത്തോടെയും അചഞ്ചലമായ നിലപാടുകളോടെയും പ്രവർത്തിച്ച അദ്ദേഹം, പാർട്ടി അണികളുടെ വിശ്വാസയോഗ്യനായ നേതാവായി ഉയർന്നു.ഭരണരംഗത്ത്, പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച കാലഘട്ടത്തിൽ, റോഡ്–പാലം വികസനം ഉൾപ്പെടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. വികസനവും ജനകീയതയും ഒരുപോലെ കൈകോർത്തുനടത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.
പ്രവാസി സമൂഹത്തോടും കെഎംസിസിയോടും ആത്മബന്ധം പുലർത്തിയിരുന്ന ഇബ്രാഹീം കുഞ്ഞ് സാഹിബിന്റെ വേർപാട് പ്രവാസി ലോകത്തെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി, പരേതന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും അനുശോചനം അറിയിക്കുകയും ചെയ്തു.

