മ്യാൻമറിൽ ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം ഇതുവരെ 1,002 എന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാലെയിലാണ്. മ്യാൻമറിലും തായ്‌ലൻഡിലും രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനത്തിൽ മ്യാൻമറിലെ വിവിധ പ്രദേശങ്ങളിലായി കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവ തകർന്നു. തായ് തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 നിലകളുള്ള ഒരു കെട്ടിടം അപകടത്തിൽ തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂചലനത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.അതേസമയം, ദുരന്തത്തിൽ സഹായവുമായി ഇന്ത്യ എത്തി. രക്ഷാ സംഘത്തെയും ഒരു മെഡിക്കൽ സംഘത്തെയും കൂടാതെ ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചു.