തിരുവനന്തപുരം: സിൽവർ ലൈനിനു ബദലായി അതിവേഗ റെയിൽ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരിക്കെ അതൊന്നും പ്രഖ്യാപിക്കാതെ വ്യക്തമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ഇരുമുന്നണികളെയും കടന്നാക്രമിച്ച പ്രധാനമന്ത്രി കേരളത്തിന്റെ വികസനം സാധ്യമാകാൻ സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ അനിവാര്യമാണെന്ന് പറഞ്ഞു. ഗുജറാത്തിൽ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയിൽനിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
‘കേരളത്തിലിത്തവണ പരിവർത്തനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുടെ ആവേശം കാണുമ്പോൾ എനിക്കതറിയാം. 1987ന് മുമ്പ് ഗുജറാത്തിൽ തോൽവികൾ ഏറ്റുവാങ്ങുന്ന ഒരു പാർട്ടിയായിരുന്നു. പത്രത്താളുകളിൽ പോലും ബിജെപി ഇടംപിടിച്ചിരുന്നില്ല. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി നാം പിടിച്ചു. അവിടെ നിന്നാണ് ബിജെപി ഗുജറാത്തിൽ വിജയ യാത്ര തുടങ്ങിയത്. അതുപോലെയാണിപ്പോൾ തിരുവനന്തപുരത്തും. ഒരു പട്ടണത്തിൽനിന്ന് തുടങ്ങിയ ജൈത്ര യാത്ര തിരുവനന്തപുരത്ത് നിന്നും നമുക്ക് തുടങ്ങണം. കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്’ മോദി പറഞ്ഞു.അയ്യപ്പ വിഗ്രഹങ്ങൾ നൽകിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എൻഡിഎയുടെ ഭാഗമായ ട്വന്റി20 പാർട്ടി ചെയർമാൻ സാബു ജേക്കബിനെ പ്രധാനമന്ത്രി ഹസ്തദാനം ചെയ്ത് സ്വാഗതം ചെയ്തു.
മേയർ വി.വി.രാജേഷ് തന്റെ പഴയ സുഹൃത്താണെന്നു പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഡപ്യൂട്ടി മേയർ ആശാനാഥ് പ്രധാനമന്ത്രിയുടെ കാൽതൊട്ടുവന്ദിച്ച് അനുഗ്രഹം തേടി. തിരുവനന്തപുരം നഗരത്തിന്റെ പ്രശ്‌നങ്ങൾക്കു പരിഹാരം തേടി മേയർ പ്രധാനമന്ത്രിക്കു രൂപരേഖ സമർപ്പിച്ചു. ‘തിരുവനന്തപുരത്തെ ജയം അത്ഭുതവും ഐതിഹാസികവുമാണ്. ഇതോടെ ബിജെപി കേരളത്തിൽ അടിത്തറയിട്ടു. അതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ട്. ഇടത് വലത് അഴിമതി ഭരണത്തിൽനിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
മാറാത്തത് ഇനി മാറും എന്ന് പ്രധാനമന്ത്രി മലയാളത്തിൽ പറഞ്ഞു. ഏഴുപതിറ്റാണ്ടായി തിരുവനന്തപുരത്തോട് ഇടത് വലത് മുന്നണികൾ അനീതി കാണിക്കുന്നു. വികസിത തിരുവനന്തപുരമെന്ന സ്വപ്‌നം യാഥാർഥ്യമാകാൻ പോകുകയാണ്. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ നൽകും. കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്ത്. ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നത്. ഇടതും വലതും. ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകും. അത് വികസനത്തിന്റെ എൻഡിഎ എന്ന പക്ഷമാണ്.

