ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൻമേലുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന:സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം. അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം എടുക്കണമെന്നും മോദി പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെൻറിനെ ഉറ്റു നോക്കുകയാണ്. സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബില്ല് പാസാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂവെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്.

