ന്യൂഡല്‍ഹി: നിര്‍മ്മാണം പൂര്‍ത്തിയായ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനൊന്നേമുക്കാലോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പതാക ഉയര്‍ത്തിയത്. നാളെ മുതല്‍ ക്ഷേത്രം തുറന്നു കൊടുക്കും. ഓം അടയാളപ്പെടുത്തിയ, പ്രകാശം പരത്തുന്ന സൂര്യനെയും, കോവിദാര വൃക്ഷത്തിന്റെ (ബട്ടര്‍ഫ്ളൈ ട്രീ) ചിത്രവും വരച്ചു ചേര്‍ത്ത പതാകയാണ് ഉയര്‍ത്തിയത്. വലത് കോണുള്ള, 10 അടി ഉയരവും 20 അടി നീളവുമുള്ള ത്രികോണാകൃതിയിലെ പതാക അഹമ്മദാബാദിലാണ് തയ്യാറാക്കിയത്. കാറ്റിനെയും മഴയെയും ചൂടിനെയും പ്രതിരോധിക്കും.
ശ്രീരാമന്റെ പ്രഭയും വീര്യവും, രാമരാജ്യത്തിന്റെ ആദര്‍ശങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. രാവിലെ 10 പണിയോടെയാണ് മോദി രാമക്ഷേത്ര മേഖലയിലെത്തിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സപ്ത മന്ദിരങ്ങള്‍ (ഏഴ് ഉപദേവതാ ക്ഷേത്രങ്ങള്‍) ആദ്യം സന്ദര്‍ശിച്ചു. മഹര്‍ഷിമാരായ വസിഷ്ഠന്‍, വിശ്വാമിത്രന്‍,അഗസ്ത്യന്‍,വാത്മീകി, ദേവി അഹല്യ, നിഷാദ് രാജ് ഗുഹ, മാതാ ശബരി എന്നീ ഉപദേവതാ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ച ശേഷം ശേഷാവ്താര്‍ മന്ദിറില്‍ തൊഴുതു.
11 മണിയോടെ മാതാ അന്നപൂര്‍ണ ക്ഷേത്രത്തിലെത്തിയ ശേഷം രാമ ദര്‍ബാര്‍ ഗര്‍ഭഗൃഹത്തിലെത്തി പൂജയില്‍ പങ്കെടുത്തു. അതിനു ശേഷമാണ് ശ്രീരാമ സന്നിധിയിലെത്തിയത്. ശ്രീകോവിലിനുള്ളില്‍ പ്രാര്‍ത്ഥിച്ചു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതിന്റെ അടയാളമായാണ് പതാക ഉയര്‍ത്തിയത്. ചടങ്ങിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

