മൂന്നാർ: മൂന്നാറിൽ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ട് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ വൈറലായിരുന്നു.
മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ജാൻവി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്.
ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും സഹായിച്ചില്ല. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചെന്നും ജാൻവി പറഞ്ഞു.
വീഡിയോ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടി.

