മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

  • Home-FINAL
  • Business & Strategy
  • മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി


കൊച്ചി: കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപകയുമായ മദർ ഏലീശ്വയെ ഇനി വാഴ്ത്തപ്പെട്ടവൾ. വല്ലാർപാടം ബസിലിക്കയിൽ വൈകിട്ട് 4.30 ന് നടന്ന ചടങ്ങിൽ മലേഷ്യയിലെ പെനാങ് രൂപത അധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തി. വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള അഭ്യർഥന നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക് പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകി. കേരള കത്തോലിക്കാ സഭയ്ക്കും ലത്തീൻ സഭയ്ക്കും കൃതജ്ഞതയുടെ നിമിഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ പ്രഖ്യാപനം.

വൈപ്പിനിലെ ഓച്ചന്തുരുത്ത് വിശുദ്ധ കുരിശിന്റെ പള്ളി ഇടവകയിൽ വൈപ്പിശേരി തറവാട്ടിൽ 1831 ഒക്ടോബർ 15നു തൊമ്മൻ- താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യത്തെയാളായാണ് ഏലീശ്വയുടെ ജനനം. ജോസഫ്, വറീത്, ലൂയിസ്,അന്തോണി, തോമസ് എന്നിവർ സഹോദൻമാരായിരുന്നു. ഒരു സഹോദരി ചെറുപ്പത്തിലേ മരിച്ചു. മറ്റൊരു സഹോദരിയായ ത്രേസ്യാ മദർ ഏലീശ്വായ്‌ക്കൊപ്പം സന്യാസിനി സഭയിൽ സ്ഥാപകാംഗമായി. അന്നത്തെ രീതിയനുസരിച്ചു ഏലീശ്വാ 16 -ാം വയസ്സിൽ വിവാഹിതയായി. വാകയിൽ വത്തരുവിന്റെ വധുവായി, ഒരു കുട്ടിയുടെ അമ്മയായി. പക്ഷേ, 20 -ാം വയസ്സിൽ വൈധവ്യമായിരുന്നു ദൈവ നിശ്ചയം.

വത്തരുവിന്റെ മരണ ശേഷം പ്രാർഥനാ ജീവിതം ഏലീശ്വാ തിരഞ്ഞെടുത്തു. അതിനായി കളപ്പുരയിൽ ഒരു മുറി തയാർ ചെയ്തു. 1862 വരെ, 10 വർഷത്തോളം പ്രാർഥനയിലും ധ്യാനത്തിലും ഉപവാസത്തിലും ജീവിച്ച ഏലീശ്വാ, വികാരി ഫാ. ലെയോപോൾഡിനെ സന്ദർശിച്ചു സന്യാസിനി ആകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു.

1866 ഫെബ്രുവരി 12നു കൂനമ്മാവിൽ പനമ്പുകൊണ്ടു കെട്ടി മറച്ച മഠത്തിൽ മദർ ഏലീശ്വായാൽ കേരളത്തിലെ ആദ്യ സന്യാസിനി സഭ സ്ഥാപിക്കപ്പെട്ടു. ഈ കർമലീത്ത നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി)യിൽ നിന്നാണു പിന്നീടു കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്‌സ് (സിടിസി) ഉണ്ടായത്.

1913 ജൂലൈ 18ന് മദർ ഏലീശ്വ നിത്യതയിലേക്കു ചേർന്നു. 2008 മാർച്ച് 6നാണ് മദർ ഏലീശ്വയെ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023 നവംബർ 8 ‘ധന്യ’ പദവിയിലേക്ക് ഉയർത്തി. 2025 ഏപ്രിൽ 14 മദർ ഏലീശ്വയുടെ അദ്ഭുത പ്രവർത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.

Leave A Comment