മുംബൈ: ടൈം ഔട്ടിന്റെ ‘സിറ്റി ലൈഫ് ഇൻഡക്‌സ് 2025’ പ്രകാരം ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈ. ഉയർന്ന വാടക, ഗതാഗതക്കുരുക്ക്, തിരക്കേറിയ ജീവിതശൈലി എന്നിവയുണ്ടായിട്ടും ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് മുംബൈ പട്ടികയിൽ ഒന്നാമതെത്തിയത്.
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കാൾ അവിടുത്തെ സമൂഹം, സംസ്‌കാരം, ദൈനംദിന ജീവിതത്തിലെ അനുഭവങ്ങൾ എന്നിവയാണ് താമസക്കാർക്ക് സന്തോഷം നൽകിയത്. സർവേയിൽ പങ്കെടുത്ത 94 ശതമാനം മുംബൈ നിവാസികളും തങ്ങളുടെ നഗരം സന്തോഷം നൽകുന്നു എന്നു പറഞ്ഞു. ഏകദേശം 90 ശതമാനം പേർ മുംബൈയിൽ മറ്റെവിടെയേക്കാളും സന്തോഷവാന്മാരാണെന്ന് റിപ്പോർട്ട് ചെയ്തു.
മുംബൈ, ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി, ജക്കാർത്ത, ഹോങ്കോങ്, ബാങ്കോക്ക്, സിംഗപ്പൂർ, സിയോൾ എന്നിവയാണ് സന്തോഷ സൂചികയിലെ മറ്റു സ്ഥാനക്കാർ. സന്തോഷ സൂചികയിൽ മുംബൈക്ക് തൊട്ടുപിന്നിലായി ചൈനയിലെ ബെയ്ജിങ് (93%), ഷാങ്ഹായ് (92%) എന്നീ നഗരങ്ങളുണ്ട്. സുരക്ഷ, സൗകര്യം, കുറഞ്ഞ ജീവിതച്ചെലവ്, സംസ്‌കാരം എന്നിവയിൽ ഈ നഗരങ്ങൾ ഉയർന്ന റാങ്ക് നേടി. ടോക്കിയോ, സോൾ, സിംഗപ്പൂർ തുടങ്ങിയ ഏഷ്യയിലെ തിരക്കേറിയ ചില മെട്രോ നഗരങ്ങൾ റാങ്കിങ്ങിൽ താഴെയായി.

