കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മുൻ സർജൻ ഡോ.കെ. പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ തിങ്കളാഴ്ച കോടതിയിൽ ഈ മൊഴി നൽകിയത്. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ഡോ.കെ. പ്രസന്നന്റെ മൊഴി. കടലക്കറിയിൽ സയനൈഡ് കലർത്തി ജോളി ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ആർ.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയിൽ രേഖപ്പെടുത്തിയത്. സാക്ഷിപട്ടികയിൽ 123 ാമതായാണ് ഡോ.കെ.പ്രസന്നനെ ഉൾപ്പെടുത്തിയിരുന്നത്.
കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളിക്കെതിരെ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയ നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബ കോടതി കഴിഞ്ഞ മാസം അനുവദിച്ചിരുന്നു. കൊലക്കേസിൽ പ്രതിയായ ഭാര്യ ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹർലാൽ മുഖേന നൽകിയ ഹർജിയാണ് കഴിഞ്ഞ മാസം അവസാനം അനുവദിച്ചത്.

