പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യുവിന്(24) ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. അഡീഷണൽ ജില്ലാ കോടതി – 1 ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം. സഹപാഠിയായിരുന്ന കവിത പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംസാരിക്കാനെന്ന വ്യാജേന കവിതയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
നാട്ടുകാർ കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പൊള്ളലേറ്റ കവിത അടുത്ത ദിവസം മരിച്ചു. തിരുവല്ലയിലെ സ്വകാര്യസ്ഥാപനത്തിൽ റേഡിയാേളജി വിദ്യാർത്ഥിനിയായിരുന്നു കവിത. ഇരുവരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതിക്കെതിരെയുള്ള പ്രധാന തെളിവായി.പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ ഒളിപ്പിച്ചാണ് പ്രതി എത്തിയത്. ബസിറങ്ങി നടന്നുവരികയായിരുന്ന കവിതയെ പിന്നാലെയെത്തിയ അജിൻ പെട്ടെന്ന് മുന്നിൽ കയറി വഴിതടയുകും കത്തികൊണ്ട് വയറ്റിൽ കുത്തുകയും ചെയ്തു. തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.

