രോഗിയുടെ വയറ്റിൽ ശസ്‌ത്രക്രിയാ ഉപകരണം ; ഇന്ന് കേസ് കൊടുക്കുമെന്ന് കുടുംബം

  • Home-FINAL
  • Kerala
  • രോഗിയുടെ വയറ്റിൽ ശസ്‌ത്രക്രിയാ ഉപകരണം ; ഇന്ന് കേസ് കൊടുക്കുമെന്ന് കുടുംബം

രോഗിയുടെ വയറ്റിൽ ശസ്‌ത്രക്രിയാ ഉപകരണം ; ഇന്ന് കേസ് കൊടുക്കുമെന്ന് കുടുംബം


ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിന് ഇരയായ ഉഷയുടെ ശസ്‌ത്രക്രിയ ഇന്ന് തന്നെ ഉണ്ടായേക്കാമെന്ന് മകൻ ഷിബിൻ. രാവിലെ വിദഗ്‌ദ്ധ ഡോക്‌ടർമാർ എത്തിയതിന് ശേഷമായിരിക്കും എപ്പോഴാണ് ശസ്‌ത്രക്രിയ നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ചികിത്സാപ്പിഴവിനെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർക്കെതിരെ നടപടി വേണമെന്നും ഷിബിൻ പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനായി 2021 മേയ് അഞ്ചിനാണ് ഉഷ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. മുഴ നീക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇവര്‍ക്ക് നിരന്തരം വയറ് വേദന അനുഭവപ്പെട്ടിരുന്നു. പെയിന്‍ കില്ലര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിച്ചാണ് ഉഷ ജീവിതം മുന്നോട്ട് കൊണ്ട് പോയത്.
ശസ്ത്രക്രിയക്ക് ശേഷവും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഉഷ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ മൂത്രത്തില്‍ കല്ലാണ് എന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്. സ്വകാര്യ ലാബില്‍ പോയി നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്.
‘പണമില്ലാത്തതുകൊണ്ടാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. പാവപ്പെട്ടവർക്ക് മാത്രമല്ലെ കഷ്‌ടപ്പാട്. അല്ലാത്തവർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാറില്ലല്ലോ? മൂത്രത്തിൽ കല്ലെന്ന് സംശയിച്ച് ഡോക്‌ടർമാർ പറഞ്ഞാണ് എക്‌സ്‌റേ എടുത്തത്. ഇന്ന് പൊലീസിൽ ഔദ്യോഗികമായിത്തന്നെ പരാതി നൽകും’- ഷിബിൻ പറഞ്ഞു.
അഞ്ച് വർഷം മുൻപ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്.

Leave A Comment