ന്യൂഡൽഹി: ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായശേഷം താമസിച്ച ആദ്യ ഔദ്യോഗിക വസതി 1100 കോടി രൂപയ്ക്ക് വിൽക്കുന്നു. രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളായ രാജ് കുമാരി കക്കറിന്റെയും ബീനാറാണിയുടെയും ഉടസ്ഥതയിലുള്ള മോത്തിലാൽ നെഹ്‌റു മാർഗിലെ ബംഗ്ലാവ് സ്വന്തമാക്കാൻ ഒരുങ്ങുന്നത് ഇന്ത്യയിലെ പ്രമുഖ മദ്യ വ്യവസായി ആണെന്നാണ് സൂചന.
ഡൽഹിയിലെ പ്രശസ്തമായ ലൂട്ടിയെൻസ് ബംഗ്ലാവ് സോണിലെ വസതിക്ക് 1400 കോടിയാണ് ഉടമകൾ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് ചർച്ചകൾക്ക് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും വലിയ വസ്തു കച്ചവടമാണിത്. ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലൂട്ടിയെൻസ് 1912നും 1930നും ഇടയിൽ രൂപകൽപന ചെയ്ത ലൂട്ടിയെൻസ് ബംഗ്ലാവ് സോണിലാണ് ആഢംബര വസതി. 1948ൽ തീൻമൂർത്തി ഹൗസിലേക്ക് താമസം മാറും വരെ നെഹ്‌റു ഇവിടെയാണ് താമസിച്ചിരുന്നത്.

