ന്യൂഡൽഹി: നേപ്പാളിൽ പ്രതിഷേധങ്ങൾ കൂടുതൽ വ്യാപകമായതോടെ അതീവജാഗ്രതയോടെ ഇന്ത്യ. അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് നിർദേശം നൽകി. അഴിമതിക്കെതിരെയും സമൂഹമാധ്യമ നിരോധനത്തിന് എതിരെയുമായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചതിനെ തുടർന്നാണ് നടപടികൾ.
ഇന്ത്യ-നേപ്പാൾ അതിർത്തി ഇതുവരെ അടച്ചിട്ടില്ല. എങ്കിലും പരിപൂർണജാഗത്ര ഉറപ്പാക്കിയിട്ടുണ്ട്. ബൽറാംപുർ, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുർ ഖേരി, സിദ്ധാർഥ് നഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. അതേ പോലെ പട്രോളിങ് ശക്തമാക്കൽ, അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയ്ക്കും ഡിജിപി ഉത്തരവിട്ടു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനും നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നതിനും യുപി പൊലീസ് തയാറാണെന്ന് എഡിജി അമിതാഭ് യാഷ് വ്യക്തമാക്കി.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ലക്‌നൗവിലെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. വാട്‌സാപ് നമ്പർ ഉൾപ്പെടെ 3 ഹെൽപ്ലൈൻ നമ്പറുകൾ പ്രവർത്തനക്ഷമമാണ് ( 0522-2390257, 0522-2724010, 9454401674 , വാട്‌സാപ് നമ്പർ -9454401674 ).

