ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭങ്ങളിൽ പൊറുതിമുട്ടുന്ന അയൽരാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഭരണഘടനയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. അയൽരാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാൻ കോടതികൾക്ക് കഴിയുമോ എന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റെഫറൻസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ പരാമർശം നടത്തിയത്.
വാദം കേൾക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നേപ്പാളിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തി. ‘നമ്മുടെ ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നു. അയൽരാജ്യങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.’ ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘ബംഗ്ലാദേശിലും നേപ്പാളിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.’ ഗവായിയെ പിന്താങ്ങി ജസ്റ്റിസ് വിക്രം നാഥ് കൂട്ടിച്ചേർത്തു.

