നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും; ചർച്ച തുടരുന്നു, വൈകിട്ടോടെ തീരുമാനം

  • Home-FINAL
  • Kerala
  • നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും; ചർച്ച തുടരുന്നു, വൈകിട്ടോടെ തീരുമാനം

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും; ചർച്ച തുടരുന്നു, വൈകിട്ടോടെ തീരുമാനം


യെമനിലെ സന ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കുമെന്ന് സൂചന. ജൂലായ് പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചത്. പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ മാറ്റിവയ്ക്കുമെന്ന സൂചനയുള്ളത്. വൈകീട്ടേടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. തലാലിന്റെ സഹോദരനുമായി ചർച്ചകൾ നടക്കുന്നുണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടതെന്നറിയുന്നു.

നിമിഷ പ്രിയയുടെ മോചനത്തിനായി എല്ലാവിധത്തിലും ശ്രമിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാൻ നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിനോ നേരത്തെ സാധിച്ചിരുന്നില്ല. യെമനിലേക്ക് ചർച്ചക്കായി ഇന്ത്യൻ പൗരൻമാർക്ക് നേരിട്ട് പോകാനുള്ള പ്രയാസങ്ങളും നിലനിന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ ഗ്രാമമുഖ്യൻമാർ വഴി മാത്രമേ കഴിയുമായിരുന്നുള്ളൂ. ഇത് നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടായിരുന്നു. നേരത്തെ ചർച്ചകൾക്കായി ഏറെ ശ്രമം നടന്നെങ്കിലും അതും പൂർണമായി വിജയിച്ചില്ല. നിരവധി പ്രതിസന്ധികൾക്കിടയിലും മോചന ശ്രമം നടക്കുന്നതിനിടെയാണ് വധശിക്ഷ നടപ്പിലാക്കുകയാണെന്ന അറിയിപ്പ് ലഭിച്ചത്.

Leave A Comment