തന്നോട് ഒന്നും പറയാതെയാണ് ഭാര്യയും രണ്ട് പെൺമക്കളും ഗോവ വിട്ടതെന്ന് കർണാടകയിലെ ഗോകർണത്തിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ ഭർത്താവ് ദ്രോർ ഗോൾഡ്സ്റ്റീൻ. ദ്രോർ ഇസ്രായേൽ പൗരനാണ്. തങ്ങൾ ഏഴുമാസം ഇന്ത്യയിലുണ്ടായിരുന്നെന്നും അതിനുശേഷം യുക്രെയ്‌നിലേക്ക് പോയെന്നും. നാലുവർഷമായി ആറും അഞ്ചും വയസുള്ള പെൺമക്കളെ കാണാൻ ഇന്ത്യയിലേക്ക് വരാറുണ്ടെന്നും ഗോൾഡ്സ്റ്റീൻ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കുറച്ചുമാസങ്ങൾക്ക് മുമ്പ് നിന ഒന്നും പറയാതെ ഗോവ വിട്ടത്. അവർ എവിടെയാണെന്ന് അറിയില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മക്കളെ കാണാനാണ് ഇന്ത്യയിലേക്ക് വരുന്നതെങ്കിലും മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ നിന അനുവദിക്കാറില്ലെന്നും ദ്രോർ പറഞ്ഞു.
എല്ലാമാസവും കനത്ത സംഖ്യ നിനക്ക് നൽകാറുണ്ടെന്നും മക്കളെ റഷ്യയിലേക്ക് കൊണ്ടുപോയാൽ പിന്നെ തനിക്ക് കാണാൻ പോലും സാധിക്കില്ലെന്നും ഇയാൾ പറഞ്ഞു. ഗോകർണത്തിലെ ഗുഹയിൽ താമസിക്കുകയായിരുന്നു നിന കുറ്റിന എന്ന റഷ്യൻ യുവതിയും രണ്ട് മക്കളും. വിസ കാലാവധി കഴിഞ്ഞിട്ടും ഇവർ ഇന്ത്യയിൽ തുടരുകയാണ്. കർണാടകയിലെത്തുന്നതിന് മുമ്പ് ഗോവയിലായിരുന്നു ഇവർ. ഗോവയിലെ ഗുഹയിൽ വെച്ചാണ് രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചത്. ഗോകർണയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് നിന കുറ്റിനയെയും പെൺമക്കളെയും ഒരു ഗുഹക്കുള്ളിൽ താമസിക്കുന്നതായി കണ്ടെത്തിയത്.

