ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഡോ. എംകെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി പറഞ്ഞു.വിദ്യാര്‍ത്ഥികളോട് അദ്ധ്യാപകര്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികള്‍ക്ക് മുന്നില്‍വച്ച് ഇത്തരത്തില്‍ അപമാനിക്കപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന അദ്ധ്യാപകര്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ഡോ. റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.