നൗക ബഹ്റൈൻ ബി.എം.സി യുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു മാസക്കാലം നീണ്ടുനിന്ന കലാ–സാംസ്കാരിക പരിപാടിയായ കലയിലൂടെ ഹൃദയങ്ങളിലേക്ക്–സമന്വയം 2025ന്റെ ഫിനാലെയ്ക്കായി സ്വാഗതസംഘം രൂപീകരിച്ചു.
സെപ്റ്റംബർ മാസത്തിൽ ആരംഭിച്ച ഈ പ്രോഗ്രാമിന്റെ സമാപന ചടങ്ങ് ഡിസംബർ 19ന് സെഗയ ബി.എം.സി ഹാളിൽ വച്ച് നടക്കും. വടകരയുടെ എം.എൽ.എ കെ.കെ. രമ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ പിന്നണി ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്റെ തത്സമയ സംഗീത നിശയും (ലൈവ് മ്യൂസിക് ഷോ) ചടങ്ങിന്റെ പ്രധാന ആകർഷണമാകും എന്ന് സംഘാടക സമിതി അറിയിച്ചു.
സമന്വയം 2025ന്റെ ഭാഗമായി ഇതുവരെ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ സമ്മാനദാന ചടങ്ങും അതേദിവസം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ബഹ്റൈനിലെ വിവിധ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പ്രദീപൻ, ചന്ദ്രൻ വളയം,സുരേഷ് മണ്ടോടി, ശ്രീജിത്ത് പനായ്ഗിരീഷ് കാലിയത്ത്, രഞ്ജൻ കച്ചേരി, ഇസഹാക്ക്, സുബിനാസ് എന്നിവർ പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.ഡോ. പി.വി. ചെറിയാൻ, യു.കെ.ബാലൻ, സുരേഷ് മണ്ടോടി, അസ്കർ വടകര, തുടങ്ങിയവർ രക്ഷാധികാരികളായ സംഘാടക സമിതിയുടെ കൺവീനറായി നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി മിഥുൻ, ചെയർമാനായി ബിനു കുമാർ കൈനാട്ടി, ട്രഷററായി അനീഷ് ടി.കെ എന്നിവരെ തിരഞ്ഞെടുത്തു.ഡിസംബർ 19, വെള്ളിയാഴ്ച, ബി.എം.സി–സെഗയ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഈ കലാ–സാംസ്കാരിക വേദിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും എന്നും നൗക പ്രതിനിധികൾ അറിയിച്ചു.

