ന്യൂഡൽഹി മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉടൻ ജാമ്യം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നാണ് അമിത് ഷാ പറഞ്ഞത്. കേരളത്തിൽ നിന്നുള്ള എംപിമാർ അമിത് ഷായെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ എതിർക്കില്ലെന്നും അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ടെന്നു നേതാക്കൾ അറിയിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട കേരള എംപി മാരോട് ദ്ദേഹം പറഞ്ഞു. നേരത്തേ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് അമിത് ഷാ വിവരം തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും അമിത് ഷാ തേടിയതായാണു വിവരം.

