കൊച്ചി: ഓണം ബമ്പർ ഒന്നാം സമ്മാനം താൻ വിറ്റ ടിക്കറ്റിനാണെന്ന് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല ലോട്ടറി ഏജന്റ് ലതീഷിന്. ചത്ത് കഴിഞ്ഞാ മാത്രം പടം വരാവുന്ന എന്റെ പേര് ലോകം മുഴുവൻ അറിഞ്ഞു. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എന്റെ ഭാഗ്യത്തട്ട്. ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാൻ ആളുകൾ കൂടുമെന്നാണ് പ്രതീക്ഷയെന്ന് ലതീഷ് പറയുന്നു.ഇത്തവണ താൻ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റ് പോയെന്ന് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓർമ്മയില്ലെന്നും ഇത്രയും വലിയ സന്തോഷം ആഘോഷം സ്വപ്നത്തിൽ പോലും താൻ വിചാരിച്ചിരുന്നില്ലെന്നും ലതീഷ് പറഞ്ഞു.
ലോട്ടറി ഏജന്റ് ആയ ലതീഷിന്റെ പക്കൽ നിന്ന് ലോട്ടറി വാങ്ങിയത് ആരാണെന്ന് ഇപ്പോഴും അവ്യക്തമാണ്. ലതീഷിനും അറിയില്ലെന്നാണ് പറയുന്നത്. വൈറ്റിലയിലെ ഭഗവതി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് ഇത്തവണ ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് നിന്ന് തിരുവനന്തപുരം വഴിയാണ് ടിക്കറ്റ് കൊച്ചിയിൽ എത്തുന്നത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ 25-ാം വാർഷികത്തിലാണ് 25 കോടി അടിക്കുന്നത്. മൂന്നാം സമ്മാനമായ 50 ലക്ഷവും ഭഗവതി ഏജൻസിയിൽ നിന്ന് പോയ ടിക്കറ്റിന് ലഭിച്ചു.
പല ആളുകളും വിളിക്കുന്നുണ്ട്. എന്നാൽ ആളാരാണെന്ന് അറിയില്ല. നെട്ടൂരിൽ ഉള്ള ആൾ ആരെങ്കിലും ആയിരിക്കാം. ഇത്രയും ആൾക്കൂട്ടം കണ്ടാൽ അവര് തന്നെ പേടിച്ചു പോകും. കുറച്ചു കഴിഞ്ഞ് അറിയാം. കടയിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നവരൊക്കെ നെട്ടൂരിലുള്ളവരാണ്. 1200-നടുത്ത് ടിക്കറ്റാണ് വിറ്റത്. അതിൽ ഒന്നാണ് ഇപ്പോൾ ബമ്പർ അടിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പ് കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഭാഗ്യവാനെ എത്രയും പെട്ടെന്ന് അറിയുമെന്നാണ് പ്രതീക്ഷയെന്നും ലതീഷ് പറഞ്ഞു.

