ആലപ്പുഴ: കേരളം കാത്തിരുന്ന ആ ഭാഗ്യവാൻ ഇതാ. 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശിയായ ശരത് എസ്.നായരാണ്. ശരത് നെട്ടൂരിൽ നിന്നാണു ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ.്ബി.ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് ഈ ടിക്കറ്റുകളെല്ലാം വാങ്ങിയത്. ബംപർ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത്ത് പിന്നീട് ഇവിടെനിന്ന് മടങ്ങുകയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. കുടുംബത്തില്‍ കുറച്ച് പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയല്‍ പോവണമെന്നും പറഞ്ഞ് പോവുകയായിരുന്നെന്ന് അവർ പറഞ്ഞു. ലോട്ടറിയെടുത്ത കാര്യം അറിയാമായിരുന്നെങ്കിലും ബംപറടിച്ചത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല.
ഇദ്ദേഹം സ്ഥിരമായി ബംബറെടുക്കുന്ന ആളാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തൊട്ടടുത്ത ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്. ശരത്ത് അടുത്തുള്ള കടയില്നിന്നെടുത്തപ്പോള് കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃപ്പൂണിത്തുറയില്‍ പോയി ടിക്കറ്റെടുക്കുകയായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.

