യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു. ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന പെരുന്നാൾ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്.
യേശു കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോൾ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനങ്ങൾ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്.മനാമ തിരുഹൃദയത്തിലെ ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ബഹു. ഫ്രാൻസിസ് ജോസഫ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോൺ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള, ഫാ. നിക്കോൾസൺ, ഫാ. വിക്ടർ പ്രകാശ്, ഫാ. ഡാരിൽ ഫെർണാണ്ടസ്, ഫാ. അന്തോണി അൽമസാൻ ,ഫാ. ജോസ് എഡ്‌വേർഡോ, ഫാ. സെബാസ്റ്റ്യൻ ഐസക്, ഫാ. സാബ്രാൻ മുഗൾ, ഫാ. സരോജിത് മണ്ടൽ, ഫാ. അംബാഗഹഗെ ഫെർണാണ്ടോ എന്നിവർ സഹ കാർമികത്വം വഹിച്ചു.