കൊച്ചി: ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് തന്നോട് ഔദ്യോഗികമായി ആരും പദവിയെ കുറിച്ച് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. സർക്കാർ അത്തരത്തിൽ പരിഗണിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഭാരിച്ച ഉത്തരവാദിത്വമുള്ള പദവിയാണത്. തന്റെ കരങ്ങൾ അതിനു യുക്തമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെങ്കിൽ അതിന് നന്ദിയുണ്ടെന്നും റസൂൽ പൂക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലയാളത്തിൽ പെട്ടെന്നുള്ള വർക്കുകൾ ഇല്ല. മോഹൻലാലിന്റെ ഒരു പാൻ ഇന്ത്യൻ സിനിമയാണ് ചെയ്യുന്നത്. മലയാളത്തിൽ ശബ്ദത്തിൽ പണ്ടുകാലത്തും പ്രാധാന്യമുണ്ടായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയെക്കുറിച്ച് വാർത്തയിലാണ് കണ്ടത്. അങ്ങനെയാരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

