മുംബൈ: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറി (66) ൻ്റെ സംസ്‌കാരം നാളെ ബാരാമതിയിൽ നടക്കും. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്.
മേയ് ഡേ കോൾ ഇല്ല ബാരാമതി അപകടത്തിൽ പൈലറ്റിൽനിന്ന് മേയ് ഡേ കോൾ ഉണ്ടായില്ലെന്ന് ഡിജിസിഎ. ലാൻഡിങ്ങിനു ശ്രമിച്ചപ്പോൾ ആദ്യത്തെത്തവണ റൺവേ കാണുന്നതിൽ പ്രശ്നം ഉണ്ടായിരുന്നു. അതുകൊണ്ട് ആകാശത്ത് ഒന്നു ചുറ്റിയിട്ടാണ് രണ്ടാമത് ലാൻഡിങ്ങിന് എത്തിയത്. പ്രദേശത്തെ ഫ്ലൈയിങ് സ്കൂളുകളിലെ പൈലറ്റുമാർ നൽകുന്ന വിവരങ്ങളാണ് ഈ എയർഫീൽഡിലെ ഫ്ലൈറ്റ് ട്രാഫിക് ഇൻഫർമേഷൻ. എയർ ട്രാഫിക് കൺട്രോൾ വഴിയല്ല ഇവിടെ പ്രവർത്തിക്കുന്നത്.

