ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഒഐസി സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം തഹയും പങ്കെടുത്തു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയോടെ, അധിനിവേശ പ്രദേശങ്ങളിലെ പലസ്തീൻ ജനതയുടെ ദുരിതത്തിലും, നിലവിലുള്ള മാനുഷിക പ്രതിസന്ധിയിലും ഇസ്ലാമിക രാഷ്ട്രത്തിന്റെ ആഴത്തിലുള്ള ആശങ്കയാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. അൽ സയാനി പറഞ്ഞു.മേഖലയിലെ സമാധാനം, സുരക്ഷ, സുസ്ഥിര സ്ഥിരത എന്നിവ മുന്നിൽ കണ്ട് പലസ്തീന് ബഹ്‌റൈൻ്റെ ഉറച്ച പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിലെത്താൻ എല്ലാ കക്ഷികളും തമ്മിലുള്ള ചർച്ചകൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സംഘർഷം അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കുന്നതിനും ബന്ദികളെ വേഗത്തിൽ മോചിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യരാഷ്ട്രസഭയുമായും സുരക്ഷാ കൗൺസിലുമായും ചേർന്ന് ഏകീകൃത നയതന്ത്ര നടപടി സ്വീകരിക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

