കൊച്ചി: പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പമ്പുകളിലുള്ള ടോയ്ലെറ്റുകൾ ഉപഭോക്താക്കൾക്കുള്ളതാണെന്നും പൊതുജനങ്ങൾക്ക് ഈ സേവനം അനുവദിക്കേണ്ടതില്ലെന്നുമുള്ള ഇടക്കാല ഉത്തരവാണ് ഹൈക്കോടതി തിരുത്തിയത്. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോൾ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു.
പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് എന്നപോലെ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കണം. സംസ്ഥാനത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് ഉത്തരവ് ബാധകമാണ്. ഉപഭോക്താവല്ലെന്ന കാരണത്താൽ ഒരാൾക്ക് പോലും പ്രവേശനം നിഷേധിക്കാൻ പാടില്ല. എന്നാൽ സുരക്ഷാ മുൻകരുതൽ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യത്തിൽ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതു ടോയ്ലെറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും അഞ്ച് പെട്രോളിയം റീട്ടെയിലർമാരും സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇന്ന് ഉത്തരവ് ഭേദഗതി ചെയ്തത്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020ൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.

