പാലക്കാട്: പാലക്കാട് കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒൻപതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത. ഈ ഗതി ഒരു കുട്ടിക്കും ഇനി വരരുതെന്നും അവർ പറഞ്ഞു. മകളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആശുപത്രി നൽകിയ റിപ്പോർട്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണ്. ഈ റിപ്പോർട്ട് പൂർണമായും തള്ളിക്കളയുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും സാഹചര്യങ്ങൾ വിലയിരുത്തി അന്വേഷിക്കാം എന്ന ഉറപ്പുമാത്രമാണ് അവർ നൽകിയതെന്നും പ്രസീത വ്യക്തമാക്കി.
കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഇപ്പോൾ പുറത്തുവന്നത് അവസാനത്തെ റിപ്പോർട്ടല്ലെന്ന് കെ ബാബു എംഎൽഎ വ്യക്തമാക്കി. പിഴവുണ്ടെങ്കിൽ അത് പുറത്തുവരണമെന്നും കുട്ടിയുടെ തുടർ ചികിത്സ ആരോഗ്യ വകുപ്പ് ഏറ്റെടുക്കുമെന്നും എംഎൽഎ പറഞ്ഞു. ഡോക്ടർമാരെ പൂർണമായും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ജില്ലാ ആശുപത്രിയിൽ കുട്ടിക്ക് കൃത്യമായ ചികിത്സ കിട്ടിയിരുന്നുവെന്നും സെപ്റ്റംബർ മുപ്പതിന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ രക്തയോട്ടം നിലച്ചിരുന്നു എന്നുമാണ് പറയുന്നത്. പ്ലാസ്റ്ററിട്ടതിൽ പിഴവില്ലെന്നാണ് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടും ഡിഎംഒയും പറഞ്ഞത്.

