തിരുവനന്തപുരം: പാലക്കാട് പല്ലശന സ്വദേശി ഒൻപതു വയസുകാരിയായ വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെ സസ്പെൻഡ് ചെയ്തു. നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ആരോഗ്യമേഖല നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാൻ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടർമാരെ ബലിയാടാക്കുന്ന ഈ നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
ചികിത്സയിൽ സംഭവിക്കാവുന്ന അപൂർവമായ സങ്കീർണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടർമാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ലെന്ന് സംഘടന വ്യക്തമാക്കി. അച്ചടക്ക നടപടിയിൽനിന്നു സർക്കാർ പിന്മാറണമെന്നും, സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാർഥ്യം കണ്ടെത്താൻ ശ്രമിക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും പ്രസിഡന്റ് ഡോ. പി.കെ.സുനിൽ, ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ് എന്നിവർ അറിയിച്ചു.
കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടർന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കൈ പഴുപ്പു വ്യാപിച്ചതോടെയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ ചികിത്സപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് – പ്രസീത ദമ്പതികളുടെ മകളാണ് വിനോദിനി.

