ലോകത്തിന്റെ വിവിധ കോണുകളിൽ ജീവസന്ധാരണം തേടി പോയ മലയാളികളുടെ ജീവിതത്തിന് സുരക്ഷാ കവചമാണ് കേരള പ്രവാസി ക്ഷേമ ബോർഡ്. ഇന്ത്യയ്ക്ക് പുറത്തു ജോലി ചെയ്യുന്ന പ്രവാസികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് 2008-ൽ രൂപീകരിച്ച ഈ ബോർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് പ്രവാസി പെൻഷൻ.വർഷങ്ങളോളം വിദേശത്ത് അദ്ധ്വാനിച്ചു മടങ്ങിയെത്തിയ പ്രവാസികൾ, സ്വന്തം ഭാവി സുരക്ഷിതമാക്കാൻ കൃത്യമായി അംശാദായം അടച്ച് ക്ഷേമനിധിയിൽ അംഗങ്ങളായവരാണ്. എന്നാൽ നിയമപരമായി പെൻഷന് അർഹതയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.2024 സെപ്റ്റംബർ മുതൽ 2026 ജനുവരി വരെ പ്രവാസി പെൻഷൻ തുടർച്ചയായി വൈകുന്ന സാഹചര്യമാണ് നിലവിലുള്ളത്.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകിയ പ്രവാസി സമൂഹത്തിന്റെ ഈ അവസ്ഥ അത്യന്തം ദുഃഖകരമാണെന്ന് പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന് വിഷയത്തിൽ നിയമപരമായ ഇടപെടൽ ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രവാസി ലീഗൽ സെൽ.18 മുതൽ 55 വയസ് വരെ പ്രായമുള്ള പ്രവാസികൾക്ക് നിശ്ചിത അംശാദായം അടച്ച് ക്ഷേമ ബോർഡിൽ അംഗമാകാൻ സാധിക്കും. 60 വയസ് പൂർത്തിയായ അംഗങ്ങൾക്ക് അംശാദായം അടച്ച വർഷങ്ങൾ കണക്കാക്കി ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി.അംഗം അപ്രതീക്ഷിതമായി മരിച്ചാൽ കുടുംബ പെൻഷനും മരണാനന്തര ധനസഹായവും, സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചാൽ ഒറ്റത്തവണ സാമ്പത്തിക സഹായവും, ഗുരുതര രോഗങ്ങൾക്കായി ചികിത്സാ ധനസഹായവും, കുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പുകളും ബോർഡ് വാഗ്ദാനം ചെയ്യുന്നു.എന്നാൽ, ഈ വാഗ്ദാനങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പിലാകുന്നുവെന്നതിൽ ഗുരുതരമായ സംശയമാണ് ഉയരുന്നത്. കഴിഞ്ഞ 16 മാസമായി പെൻഷൻ 8 ദിവസം മുതൽ 39 ദിവസത്തിലേറെ വൈകിയാണ് വിതരണം ചെയ്യപ്പെടുന്നത്.പെൻഷൻ ലഭിക്കേണ്ടവരിൽ ഭൂരിഭാഗവും വയോധികരും, വിധവകളും, രോഗബാധിതരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്. പലർക്കും ജീവിക്കാൻ ഉള്ള ഏക ആശ്രയം പ്രവാസി പെൻഷനാണ്. മാസം ആരംഭത്തിൽ ലഭിക്കേണ്ട പെൻഷൻ പലപ്പോഴും മാസം പകുതി കഴിഞ്ഞാണ് ലഭിക്കുന്നത്. ഇതുവഴി മരുന്ന് വാങ്ങാനും ഭക്ഷണച്ചെലവ് നിറവേറ്റാനും അവർ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്.
പെൻഷൻ വിതരണം വൈകുന്നത് ഫണ്ട് ലഭ്യമല്ലാത്തതിനാലാണെന്ന പ്രവാസി ക്ഷേമ ബോർഡിന്റെ വിശദീകരണമാണ് പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.പെൻഷൻ സർക്കാർ ദാനമോ കരുണയോ അല്ല, മറിച്ച് പ്രവാസികൾ അംശാദായം അടച്ച തുകയ്ക്കുള്ള നിയമപരമായ അവകാശമാണെന്നും, പണം ഇല്ലെന്ന കാരണത്താൽ പെൻഷൻ വൈകിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.സുപ്രീംകോടതിയുടെ നിരവധി വിധികൾ പ്രകാരം പെൻഷൻ ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം), ആർട്ടിക്കിൾ 14 (സമത്വാവകാശം), ആർട്ടിക്കിൾ 300A (സ്വത്തവകാശം) എന്നിവയുടെ സംരക്ഷണം ലഭിക്കുന്ന അവകാശമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പ്രവാസി ക്ഷേമനിധിയിലേക്ക് സർക്കാർ സംഭാവന ഇപ്പോൾ രണ്ട് ശതമാനം മാത്രമാണെന്നും, ഇത് 50 ശതമാനമായി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്ത പഠന റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പ് പെൻഷൻ വിതരണം ചെയ്യാൻ നിർദേശം നൽകണം, കൂടാതെ അടിയന്തര ചെലവുകൾ നേരിടാൻ കന്റിജൻസി ഫണ്ട് രൂപീകരിച്ച് ഫണ്ട് ലഭ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.ഇക്കാര്യം പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാംയും ഗ്ലോബൽ PRO സുധീർ തിരുനിലത്ത്യും സംയുക്തമായി അറിയിച്ചു.

