സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ വെബ്ബിനാർ ശനിയാഴ്ച നടക്കും. പ്രവാസ കുടിയേറ്റത്തിലെ തട്ടിപ്പുകളും ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഈ വെബ്ബിനാർ നടത്തുന്നത്. സാമൂഹിക പ്രവർത്തകനും മലേഷ്യയിൽ നിന്നുള്ള ലോകകേരള സഭാംഗവും പ്രവാസികളുടെ പശ്ചാത്തലത്തിൽ രചിച്ച “ബോർഡിംഗ് പാസ്”എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ആത്മേശൻ പച്ചാട്ടാണ് വെബ്ബിനാർ നയിക്കുന്നത്.
ഇന്ത്യൻ സമയം വൈകുന്നേരം 7മണിക്ക് സൂമിലാണ് വെബ്ബിനാർ നടത്തപ്പെടുന്നത്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സർക്കാരിതര സംഘടനയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ. വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുൻപ് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ശുപാർശകളെ തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ നിലവിൽ കേരള സർക്കാർ സ്പെഷ്യൽ ടാസ്‌ക്‌ഫോഴ്‌സ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പ്രവാസമേഖലയിലുള്ള വിദ്യാർത്ഥികളെ ഒരുമിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെ സുതാര്യമായ കുടിയേറ്റത്തിന് കൂടി പ്രാധാന്യം നൽകികൊണ്ട് പ്രത്യേകം സ്റ്റുഡൻസ് വിംഗിനും പ്രവാസി ലീഗൽ സെൽ ഈയിടെ രൂപം നൽകിയിട്ടുണ്ട്. വിദേശ തൊഴിൽ തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.