സുരക്ഷിത വിദേശ കുടിയേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വെബ്ബിനാർ ഫെബ്രുവരി പതിനാലിന് നടക്കും. കഴിഞ്ഞ കുറച്ചു നാളുകളായി വിദേശ തൊഴിലുമായി ബന്ധപെട്ട് വ്യാപകമായ തൊഴിൽ തട്ടിപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായി ഇന്ത്യൻ കുടിയേറ്റ നിയമമനുസരിച്ചുകൊണ്ട് എങ്ങനെ കുടിയേറാമെന്നാണ് വെബ്ബിനാറിലെ മുഖ്യവിഷയം. സൂം പ്ലാറ്റ്‌ഫോമിലാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി പതിനാലിന് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് വെബ്ബിനാർ ആരംഭിക്കുക. കേരളത്തിൽ വർദ്ധിച്ചു വരുന്ന വ്യാജ റിക്രൂട്മെന്റ് ഏജെൻസികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ മുൻപ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നല്കിയതുമാണ്. തുടർന്ന്, നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക്ഫോഴ്സും ഉണ്ടാക്കിയിരുന്നു.എങ്കിലും വ്യാപകമായി വിദേശ തൊഴിൽ തട്ടിപ്പ് കണ്ടുവരുന്നു. പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്ററിന്റെ സഹായത്തോടെ തൊഴിൽ തട്ടിപ്പിനിരയായ രണ്ട് ഇന്ത്യക്കാരെ ഈ അടുത്തിടെയാണ് സുരക്ഷിതമായി നാട്ടിലേക്ക് തിരികെയെത്തിച്ചത്.

