തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷന് പിന്നാലെ പീച്ചി പോലീസ് സ്റ്റേഷനിൽ 2023-ൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരനാണ് ഇപ്പോൾ പുറത്തുവിട്ടത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം.
2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനിൽ അപമാനിക്കുകയും മർദിക്കുകയുംചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം.
മർദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ പോലീസ് നിരന്തരം തള്ളി. മാവോവാദിഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യം കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവിൽ മനുഷ്യാവകാശകമ്മിഷൻ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങൾ നൽകാൻ പോലീസ് തയ്യാറായത്; ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ. എന്നിട്ടും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ മടിക്കുകയാണ് അധികൃതർ. മർദിച്ച എസ്‌ഐയെക്കൂടി പ്രതിചേർക്കാൻ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രാദേശികനേതാവ് സുജിത്തിനെ പോലീസുകാർ ക്രൂരമായി മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ ശനിയാഴ്ച സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

