സ്റ്റേഷൻ മർദ്ദനം, കള്ളക്കേസ് പണവും പണിയും പോകും, സർക്കാർ നടപടി തുടങ്ങി

  • Home-FINAL
  • Kerala
  • സ്റ്റേഷൻ മർദ്ദനം, കള്ളക്കേസ് പണവും പണിയും പോകും, സർക്കാർ നടപടി തുടങ്ങി

സ്റ്റേഷൻ മർദ്ദനം, കള്ളക്കേസ് പണവും പണിയും പോകും, സർക്കാർ നടപടി തുടങ്ങി


തൃശ്ശൂർ: പോലീസ് സ്റ്റേഷനിലെ മർദനവും കള്ളക്കേസ് ചമയ്ക്കലും കൂടി വരുന്ന സാഹചര്യത്തിൽ നടപടിക്ക് ഒരുങ്ങി സർക്കാർ. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പോലീസുദ്യോഗസ്ഥർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടി വരും. ഇത്തരമൊരു നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തരവകുപ്പും സർക്കാരും.
പോലീസുകാരുടെ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടപരിഹാരം ഇതേവരെ സർക്കാരായിരുന്നു നൽകിയിരുന്നത്. അത്തരത്തിലുള്ള വിധിയാണ് കോടതിയിൽനിന്ന് വന്നുകൊണ്ടിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് പങ്കാളികളാകുന്ന തെറ്റുകളിൽ പരമാവധി ശിക്ഷയായ പിരിച്ചുവിടലിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങിത്തുടങ്ങി. അതോടൊപ്പം സർക്കാർ നൽകേണ്ട നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കുകയും ചെയ്യും.

കേരള പോലീസ് സേനയിൽനിന്ന് 2016 ജൂൺ മുതൽ ഇതേവരെ 108 പോലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഭരണഘടനയുടെ 331-ാം അനുച്ഛേദ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണ് പിരിച്ചുവിടൽ. ഇൻസ്പെക്ടർ വരെയുള്ളവരെ പോലീസ് മേധാവിക്ക് പിരിച്ചുവിടാനാകും. അതിനുമുകളിലുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കുന്നത് ആഭ്യന്തര വകുപ്പാണ്.

തൊഴിയൂർ സുനിൽ വധക്കേസിൽ തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ സർക്കാർ സ്വീകരിച്ച പുതിയ നിലപാടാണ് കുറ്റക്കാരായ പൊലീസുകാർക്ക് സ്വത്തും പണവും നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. 1994-ൽ ഗുരുവായൂർ പോലീസ് ചുമത്തിയ കള്ളക്കേസിൽ നഷ്ടപരിഹാരം നൽകേണ്ടത് ബന്ധപ്പെട്ട പോലീസുകാരാണെന്നു കാണിച്ച് സർക്കാർ ഈയിടെ ഉത്തരവിറക്കിയിരുന്നു. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നുണ്ടെങ്കിൽ നഷ്ടപരിഹാരത്തുക ശമ്പളത്തിൽനിന്ന് പിടിക്കാനും അല്ലാത്ത പക്ഷം വിരമിച്ച ആനുകൂല്യങ്ങളിൽനിന്ന് ഈടാക്കി നൽകാനുമാണ് സർക്കാർ ഉത്തരവിറക്കിയത്.

 

Leave A Comment