കൊച്ചി: ഭർത്താവിനെ കസ്‌റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലെത്തിയ ഗർഭിണിയെ സി.ഐ മർദിച്ചു. എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്.
2024 ജൂൺ 20നായിരുന്നു കേസിനാസ്‌പദമായ സംഭവം. പൊലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് മൊബൈലിൽ പകർത്തിയിരുന്നു. മഫ്‌തിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ ആളെ കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതന്വേഷിച്ച് സ്‌റ്റേഷനിലെത്തിയ യുവതിയെ സിഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും പൊലീസ് ഇതെല്ലാം നിഷേധിച്ചിരുന്നു. യുവതി പൊലീസുകാരെ മർദിച്ചെന്നും ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന് യുവതിയും ഭർത്താവും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇവർ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

