കൊല്ലം : ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം.90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം നൽകിയത്.
ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ഇതിനോടകം കോടതി ജാമ്യം അനുവദിച്ചിരുന്നു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ അണിയറ ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളുടെ രഹസ്യ സാമ്പത്തിക ഇടപാടുകൾ, ബന്ധങ്ങൾ തുടങ്ങിയവയെകുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. മുരാരി ബാബുവിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനും നടപടി ആരംഭിച്ചു.അതേ സമയം ഉണ്ണികൃഷ്ണൻ പോറ്റിയെ കുരുക്കാൻ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പോറ്റി ഇന്ന് ജാമ്യത്തിൽ ഇറങ്ങിയാൽ ഉടൻ തന്നെ ചോദ്യം ചെയ്യുന്നതിനായുള്ള സമൻസ് നൽകും. ഇഡി ഉദ്യോഗസ്ഥർ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക.

