കണ്ണൂർ: പൊലീസ് ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച അഞ്ചുപേർക്കെതിരെ കേസ്. ഈ മാസം പതിനാറിനാണു പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികൾ ഹെഡ്ക്വാട്ടേഴ്‌സ് എത്തിയത്. തുടർന്നു യുവതിയെക്കൊണ്ടു പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്.
ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണു ധന്യ എന്ന് പേരുള്ള യുവതിയെ വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തണമെന്നുമാണ് വിഡിയോയിലെ സംഭാഷണങ്ങളിലുള്ളത്. വിവരമറിഞ്ഞെത്തിയ യുവതിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു.
ദൃശ്യം പ്രചരിച്ചതിനു പിന്നാലെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് പ്രതികൾ പൊലീസുദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ക്യംപിനകത്ത് കയറിയതെന്നു വ്യക്തമായി. കണ്ടാലറിയാവുന്ന 5 പേർക്കെതിരെയാണ് ടൗൺ പൊലീസ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും.

