കോട്ടയം: കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിന്റെ പരിപാടിയിൽ മുഖ്യാതിഥിയായുള്ള പോസ്റ്റർ പുറത്തിറങ്ങി. നാളെ കോട്ടയത്ത് നടക്കുന്ന കെപിസിസി സാംസ്കാരിക സമിതിയുടെ പരിപാടിയിലാണ് പ്രേംകുമാർ പങ്കെടുക്കുന്നത്. വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയാണ് ഉദ്ഘാടകൻ. വിഷയത്തിൽ പ്രേംകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘നാളെ എന്ത് സംഭവിക്കുമെന്ന് ഇന്നെനിക്ക് പറയാനാകില്ല എന്നായിരുന്നു പ്രേംകുമാർ നേരത്തെ പ്രതികരിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്കാകില്ല. ഒരു പാർട്ടിയുടെ ചട്ടക്കൂടിൽ നിൽക്കാൻ താൽപര്യമില്ല. സ്വതന്ത്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അച്ഛനടക്കം തന്റെ കുടുംബക്കാരെല്ലാം കോൺഗ്രസുകാരാണ്. ഒരിക്കലും സി പി എം അംഗത്വമെടുത്തിട്ടില്ല. താൻ ഒരു ഉറച്ച ദൈവ വിശ്വാസിയാണ്. ചില നിലപാടുകളിലേക്ക് വരാനുണ്ട്. കോൺഗ്രസിലേയ്ക്ക് പോകുമോയെന്ന് പറയാറായിട്ടില്ല’- എന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോടു വ്യക്തമാക്കിയത്.

