ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി

  • Home-FINAL
  • International
  • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി


ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആൻഡ്രൂ രാജകുമാരന്റെ പദവികൾ നീക്കം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകളും പദവികളും ബഹുമതികളും നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ചാൾസ് മഹാരാജാവ് തുടക്കം കുറിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതിയും റദ്ദാക്കി. അദ്ദേഹം മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചിരുന്നു. അതേ സമയം ദുരുപയോഗങ്ങൾക്ക് ഇരയായവരോടും അതിജീവിച്ചവരോടുമൊപ്പം തങ്ങളുടെ ചിന്തകളും പരിപൂർണ്ണമായ സഹതാപവും എപ്പോഴുമുണ്ടായിരിക്കും എന്ന് വ്യക്തമാക്കാൻ രാജാവും രാജ്ഞിയും ആഗ്രഹിക്കുന്നു എന്നും പ്രസ്തവനയിൽ പറയുന്നു. അദ്ദേഹത്തിന്റെ പെൺമക്കളായ യൂജിനി രാജകുമാരിക്കും ബിയാട്രിസ് രാജകുമാരിക്കും പദവികൾ നിലനിർത്താം.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദത്തിൽ വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ നടപടി. ആൻഡ്രൂ രാജകുമാരനെതിരെ ആരോപണമുന്നയിച്ച വിർജീനിയ ജിഫ്രേയുടെ മരണാനന്തര ഓർമ്മക്കുറിപ്പായ ‘നോബഡീസ് ഗേൾ’ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്. കൗമാരക്കാരകാലത്ത് ആൻഡ്രൂ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഓർമ്മക്കുറിപ്പിൽ വിർജീനിയ ജിഫ്രേ രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ സിവിൽ കേസിൽ ജിഫ്രേയ്ക്ക് വൻതുക നൽകി ആൻഡ്രൂ ഒത്തുതീർപ്പാക്കിയിരുന്നു. ജിഫ്രേ എപ്സ്റ്റീൻ തന്നെ ലൈംഗിക അടിമയാക്കി പലർക്കും കാഴ്ച്ചവെച്ചതായും ഓർമ്മക്കുറിപ്പിൽ പറയുന്നു. ഈ വർഷംഏപ്രിൽ മാസത്തിൽ ജിഫ്രേ ജീവനൊടുക്കി. തന്റെ ദുരനുഭവങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞിട്ടും നിരവധിപേർ പിന്തുണച്ചിട്ടും വിഷാദത്തിൽ നിന്ന് മുക്തമാകാൻ ജിഫ്രേയ്ക്ക് സാധിച്ചില്ല.

Leave A Comment