പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായുള്ള സെക്ടർ തല മത്സരങ്ങൾ ബഹ്റൈനിൽ വിപുലമായി സമാപിച്ചു. നൂറുകണക്കിന് മത്സരാർത്ഥികളാണ് വിവിധ സെക്ടറുകളിൽ നടന്ന സാഹിത്യോത്സവുകളിൽ പങ്കാളികളായത്.കസീനോ, ഹിദ്ദ്, ഗുദൈബിയ്യ, സൽമാനിയ, സൽമാബാദ്, ഹമദ് ടൗൺ, സനദ്, ഖലീഫ, ഇസാ ടൗൺ എന്നീ ഒമ്പത് സെക്ടറുകളിലാണ് മത്സരങ്ങൾ നടന്നത്. ‘ബഡ്സ്,കിഡ്സ്, പ്രൈമറി, ‘ജൂനിയർ, സെക്കന്ററി, സീനിയർ എന്നീ ആറ് വിഭാഗങ്ങളിലായി എൺപതോളം ഇനങ്ങളിൽ കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറി.
മാപ്പിളപ്പാട്ട്, ഖവാലി, നശീദ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമെ കവിത, കഥ, പ്രബന്ധം, ഹൈക്കു, സോഷ്യൽ ട്വീറ്റ്, കാലിഗ്രഫി, റിവ്യൂ റൈറ്റിംഗ് തുടങ്ങിയ രചനാ മത്സരങ്ങളും ഇത്തവണത്തെ സാഹിത്യോത്സവിലെ പ്രധാന ഇനങ്ങളാണ്.സെക്ടർ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിജയികൾ ഇനി സോൺ തല മത്സരങ്ങളിൽ മാറ്റുരയ്ക്കും. വരും ദിവസങ്ങളിൽ റിഫ, മുഹറഖ്, മനാമ എന്നിവിടങ്ങളിലാണ് സോൺ സാഹിത്യോത്സവുകൾ നടക്കുക. സാഹിത്യോത്സവിന്റെ അവസാന ഘട്ടമായ ബഹ്റൈൻ നാഷണൽ ഗ്രാന്റ് ഫിനാലെ ജനുവരി 16-ന് അധാരി പാർക്കിൽ വെച്ച് നടക്കും. ബഹ്റൈനിലെ മലയാളി പ്രവാസി സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുക.

