നിധികുംഭം പോലെ ക്യു ആർ കോഡ് സ്‌കാനിംഗ്, മുതലാളിമാരെ പറ്റിക്കാൻ കടകളിൽ തന്നെ കള്ളൻമാർ, പരാതികൾ കൂടുന്നു

  • Home-FINAL
  • Kerala
  • നിധികുംഭം പോലെ ക്യു ആർ കോഡ് സ്‌കാനിംഗ്, മുതലാളിമാരെ പറ്റിക്കാൻ കടകളിൽ തന്നെ കള്ളൻമാർ, പരാതികൾ കൂടുന്നു

നിധികുംഭം പോലെ ക്യു ആർ കോഡ് സ്‌കാനിംഗ്, മുതലാളിമാരെ പറ്റിക്കാൻ കടകളിൽ തന്നെ കള്ളൻമാർ, പരാതികൾ കൂടുന്നു


തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും ബിസിനസ് സംരംഭകയും ഇൻഫ്‌ളുവൻസറുമായ ദിയകൃഷ്ണ നൽകിയ കേസിന് പിന്നാലെ ജീവനക്കാർ മുതലാളിമാരെ പറ്റിച്ച് ക്യു ആർ കോഡ് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കൂടിവരുന്നു. ഒട്ടനവധി ഉടമകളാണ് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർതന്നെ പണം തട്ടിച്ചു മുങ്ങുന്നുവെന്ന പരാതിയുമായെത്തുന്നത്. സ്ഥാപനത്തിലേക്കെത്തുന്ന പണം ജീവനക്കാർ സ്വന്തം ഗൂഗിൾപേ വഴി സ്വീകരിച്ച് തട്ടിപ്പുനടത്തുന്ന പരാതികളാണ് തുടർച്ചയായി ഉയരുന്നത്. സ്വകാര്യ കണ്ണാശുപത്രി നടത്തുന്ന ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരൻ കുട്ടികളുടെ ഫീസ് തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം.

പിഎംജിയിലെ സ്വകാര്യ കണ്ണാശുപത്രിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരനാണ് പണം തട്ടിച്ചതിന് വെള്ളിയാഴ്ച പിടിയിലായത്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പ്ലാവിളയിൽ പുത്തൻവീട്ടിൽ പ്രവീണിനെ (44)യാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളുടെ ഫീസ് ഗൂഗിൾപേ വഴിവാങ്ങി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിക്കൊണ്ടായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ രണ്ടു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണ് സ്ഥാപന അധികൃതർ പോലീസിൽ പരാതി നൽകിയത്. സിഐ വിമൽ, എസ്ഐമാരായ വിപിൻ, സൂരജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. രണ്ടു ദിവസം മുൻപാണ് വിഴിഞ്ഞത്തെ ലോട്ടറി ഏജൻസിയിൽനിന്ന് ജീവനക്കാരി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം പുറത്തുവന്നത്.

ലോട്ടറികൾ വാങ്ങുന്ന മൊത്തക്കച്ചവടക്കാർ നൽകുന്ന പണം ഏജൻസിയുടെ അക്കൗണ്ടിൽപ്പെടുത്താതെ സ്വന്തം ഗൂഗിൾ പേയിലേക്കും പണമായും തട്ടിയെടുത്ത കേസിൽ കോട്ടപ്പുറം ചരുവിളയിൽ അൽഫോൻസാമ്മയെ(36) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. വിഴിഞ്ഞം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന വിൽഫ്രഡിന്റെ ജെ.എം.ജെ. ലോട്ടറി ഏജൻസിയിലായിരുന്നു സംഭവം. ഇത്തരത്തിൽ ഏകദേശം 20 ലക്ഷം രൂപയാണ് ഇവർ നാലുവർഷത്തിനിടെ തട്ടിയെടുത്തത്. ഏജൻസിയുടെ കണക്കുൾപ്പെടെയുള്ള കാര്യങ്ങൾ നോക്കിയിരുന്നത് ഇവരായിരുന്നു.

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പും സമാനമായിരുന്നു. കവടിയാറിലെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികൾ ചേർന്ന് ഉപഭോക്താക്കൾ നൽകുന്ന പണം സ്വന്തം ഗൂഗിൾപേ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് ജീവനക്കാരികൾ നടത്തിയതായാണ് പരാതി.

Leave A Comment