രാഹുൽ നിയമസഭയിൽ എത്താത്തത് നേതൃത്വത്തിന്റെ ഇടപെടൽ കാരണം; ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ കഴിയുന്നില്ല

  • Home-FINAL
  • Kerala
  • രാഹുൽ നിയമസഭയിൽ എത്താത്തത് നേതൃത്വത്തിന്റെ ഇടപെടൽ കാരണം; ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ കഴിയുന്നില്ല

രാഹുൽ നിയമസഭയിൽ എത്താത്തത് നേതൃത്വത്തിന്റെ ഇടപെടൽ കാരണം; ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ കഴിയുന്നില്ല


കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്താത്തത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ കാരണം. നിയമസഭയിൽ വരേണ്ടെന്ന് രാഹുലിനെ പാർട്ടി അറിയിച്ചു. വരും ദിവസങ്ങളിലും രാഹുൽ സഭയിൽ എത്താൻ സാധ്യതയില്ല. രാഹുൽ സഭയിലെത്തുമ്പോൾ സർക്കാരിനെതിരായ പോരാട്ടത്തിന്റെ ലക്ഷ്യം നഷ്ടപ്പെടും എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാർട്ടിയെ ബോധ്യപ്പെടുത്തി. മാധ്യമങ്ങളുടെ ഉൾപ്പെടെ ശ്രദ്ധ രാഹുലിലേക്ക് തിരിയും. ഇതാണ് സഭയ്ക്കകത്തും പുറത്തും ഇന്നലെ കണ്ടതെന്നും പാർട്ടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മാധ്യമങ്ങളുടെ ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ രാഹുലിന് സാധിക്കുന്നില്ല എന്നതും പാർട്ടിയുടെ വിലയിരുത്തൽ. സമ്മേളനകാലത്ത് ചർച്ചകൾ രാഹുലിലേക്ക് എത്തുന്നതിലും പാർട്ടിക്ക് വിമുഖതയുണ്ട്. ഇന്നലെ സഭയിൽ എത്തുന്നതിനും മുന്നേയും ശേഷവും രാഹുലുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സംസാരിച്ചിരുന്നു.

എ ഗ്രൂപ്പ് തുടങ്ങിവച്ച നീക്കങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ലഭിച്ച പിന്തുണയാണ് രാഹുലിനെ ഇന്നലെ സഭയിലേക്ക് എത്തിച്ചത്. അച്ചടക്ക നടപടിക്ക് ശേഷവും സതീശൻ രാഹുലിനെതിരെ സ്വീകരിച്ച പരസ്യനിലപാടാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. ശനിയാഴ്ചയോടെയാണ് നിയമസഭയിലേക്ക് രാഹുൽ എത്തട്ടെയെന്ന നിലപാടിലേക്ക് പൂർണമായും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ എത്തിച്ചേർന്നത്. ഇതറിഞ്ഞാണ് സതീശൻ ഞായറാഴ്ച രാവിലെ തന്റെ നിലപാട് തുറന്നുപറഞ്ഞത്. ഇതിനുപിന്നാലെ രാഹുലിനോട് സഭയിലെത്തണമെന്ന് സതീശൻ വിരുദ്ധ ചേരി നിർദേശം നൽകുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ സഭയിലെത്താൻ ധാരണയായി. എ ഗ്രൂപ്പിന്റെ സമ്മർദത്തിനു മുന്നിൽ കെപിസിസി അധ്യക്ഷനും വഴങ്ങി. തനിക്കെതിരായ ആക്രമണം ഒഴിവാക്കാനാണ് വർക്കിങ് പ്രസിഡന്റായ ഷാഫി പറമ്പിൽ കെപിസിസി യോഗത്തിൽ നിന്നും വിട്ടുനിന്നത്.

ഭരണപക്ഷത്തു നിന്ന് കടന്നാക്രമണം ഉണ്ടായാൽ രാഹുലിനെ സഭയിൽ തള്ളിക്കളഞ്ഞ് സംസാരിക്കേണ്ടി വരുമെന്ന് സതീശൻ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. അത് പാർട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ തോത് വർധിപ്പിക്കുമെന്ന ഭയം നേതൃത്വത്തിനുണ്ട്.

സൈബർ ആക്രമണം കടുത്താൽ രാഹുലിനെതിരെ പരസ്യമായി സംസാരിക്കാനും പ്രതിപക്ഷ നേതാവ് ആലോചിച്ചിരുന്നു. എന്നാൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികൾ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. രാഹുലുമായി ബന്ധപ്പെട്ട നാലു പരാതികൾ കോൺഗ്രസിന് ലഭിച്ചിട്ടുള്ളത്.

Leave A Comment