പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിലെത്തി. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും പറവൂരിൽ സി.പി.എം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ‘റിനിയെ പോലുള്ള സ്ത്രീകൾ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണം. റിനിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെങ്കിലും തിരിച്ചറിവ് ഉണ്ടാകുന്ന സമയം ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു’ കെ.ജെ.ഷൈൻ പറഞ്ഞു.
കെ.ജെ. ഷൈനിന് നേരെ നടന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം പെൺ പ്രതിരോധം എന്ന പരിപാടി സംഘടിപ്പിച്ചത്. ആരേയും തകർക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയത്തിൽ കടന്നുവരേണ്ടവർ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് ഉയർത്തിയതെന്നും റിനി പറഞ്ഞു. തനിക്ക് ഒരു യുവനേതാവിൽനിന്ന് ചില മോശം സമീപനം നേരിടേണ്ടി വന്നു എന്നാണ് ഞാൻ തുറന്ന് പറഞ്ഞത്. പക്ഷേ എന്നാൽപ്പോലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ പേര് പറഞ്ഞിട്ടില്ല. ആരേയും തകർക്കണമെന്നല്ല എന്റെ ഉദ്ദേശം. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കൾ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. പേര് പറയാതിരുന്നിട്ടും എനിക്ക് നേരെ വൻതോതിലുള്ള ഭയാനകരമായ സൈബർ ആക്രമണമാണ് ഉണ്ടായത്’ റിനി പറഞ്ഞു. താൻ സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന തരത്തിൽ വ്യാജ ആരോപണങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ ഇവിടെ വന്ന് സംസാരിക്കുമ്പോഴും തനിക്ക് ഭയമുണ്ട്. ഇത് വെച്ചും ഇനി ആക്രമണമുണ്ടാകാം. സ്ത്രീകൾക്കുവേണ്ടി ഒരക്ഷരമെങ്കിലും സംസാരിക്കേണ്ട ദൗത്യം എനിക്കുംകൂടി ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതെന്നും റിനി പറഞ്ഞു. കെ.കെ.ശൈലജയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

