ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ അയോഗ്യനാക്കാനുള്ള പ്രമേയം ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ അവതരിപ്പിച്ചു. മുൻ സൈനിക മേധാവി ജനറൽ എം എം നരവനെയുടെ പുസ്‌തകവുമായി ബന്ധപ്പെട്ടതുൾപ്പെടെ ബിജെപി എംപിമാരും രാഹുൽ ഗാന്ധിയുമായി സഭയിൽ വാഗ്വാദം നടന്നിരുന്നു. എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
‘ആരാണ് രാഹുൽ ഗാന്ധിയെ ഫണ്ടിംഗ് ചെയ്യുന്നത്? രാജ്യത്തെ തകർക്കാനുള്ള നീക്കം നടത്തുന്നതാരാണ്? രാഹുൽ ഗാന്ധിയുടെ അംഗത്വം ലോക്‌സഭ എടുത്തുകളയണം. സർക്കാരിനെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ ഇതാദ്യമായല്ല രാഹുൽ ഗാന്ധി വിവാദങ്ങൾ സൃഷ്ടിക്കുന്നത്. പാർലമെന്റിലും മറ്റ് പൊതു വേദികളിലും അടിസ്ഥാനരഹിതവും അധാർമികവുമായ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് പൊതുജന വികാരം ഇളക്കിവിടുന്നതിൽ രാഹുൽ ഗാന്ധിക്ക് അസാമാന്യമായ കഴിവുണ്ട്.
സോറോസ് ഫൗണ്ടേഷന്റെ (ഫണ്ടിംഗ് സ്ഥാപനം) സജീവ പ്രവർത്തകനായിരുന്നുവെന്നതാണ് രാഹുലിന്റെ ധിക്കാരപരമായ മനോഭാവത്തിന് കാരണം. 2026 ഫെബ്രുവരി 11ന് നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി വിവിധ ഇന്ത്യൻ കോർപ്പറേറ്റുകളെ പരാമർശിക്കുകയും വൻകിട ബിസിനസ് സ്ഥാപനങ്ങളുമായുള്ള അവരുടെ ഒത്താശമൂലം നമ്മുടെ ബാങ്കിംഗ് സംവിധാനം തകർന്നുവെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ ഈ ശ്രമങ്ങളെല്ലാം നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല’-എന്നാണ് പ്രമേയത്തിൽ ആരോപിക്കുന്നത്.

