വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി ഒഴിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു. അമ്മയും മറ്റു രണ്ടുമക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്.
കർഷകനായ രമേഷ് രണ്ടേക്കറിൽ പരുത്തിയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിളകളിൽ കീടനാശിനി തളിച്ചിരുന്നു. തിങ്കൾ രാത്രി കുടുംബാംഗങ്ങൾ ചോറും പച്ചക്കറിയും കഴിച്ചു. തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെ വയറുവേദനയും ഛർദിയും ഉണ്ടായപ്പോൾ ആശുപത്രിയിൽ എത്തിച്ചു.

