നടിയെ ആക്രമിച്ച സംഭവം; ആറു പ്രതികൾക്കും 20 വർഷം തടവും 50000 രൂപ പിഴയും

  • Home-FINAL
  • India
  • നടിയെ ആക്രമിച്ച സംഭവം; ആറു പ്രതികൾക്കും 20 വർഷം തടവും 50000 രൂപ പിഴയും

നടിയെ ആക്രമിച്ച സംഭവം; ആറു പ്രതികൾക്കും 20 വർഷം തടവും 50000 രൂപ പിഴയും


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്ക് 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ (ഐപിസി 366), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ‌ കുമാർ, ജി.ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വർഷത്തെ ശിക്ഷയും ലഭിച്ചു. 50,000 രൂപ പിഴയും നൽകണം. എന്നാൽ എല്ലാ ശിക്ഷയും കൂടി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.
കോളിളക്കം ഉണ്ടായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. വലിയ ട്രോമയാണ് ആ പെൺകുട്ടി അനുഭവിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. 40ൽ താഴെയുള്ളവരാണ് എല്ലാ പ്രതികളും കോടതി. ഒന്നേകാൽ മണിക്കൂറോളം വാദം നീണ്ടു. പരമാവധി ശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്‌. എന്നാൽ ഏഴര വർഷം തടവുശിക്ഷ അനുഭവിച്ചെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. ദിലീപിനെ വെറുതെവിട്ട വിധി പകർപ്പും ഇന്ന് പുറത്തുവന്നേക്കും. എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാല് പേരെ വെറുതെവിട്ടിരുന്നു.

Leave A Comment