ആലപ്പുഴ: അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് റേഷൻവിഹിതം നൽകും. കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നൽകാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ തീരുമാനം. ദുരുപയോഗവും തടയാനും അർഹരായവർക്ക് കൂടുതൽ വിഹിതം ലഭിക്കാനുമാണിത്. മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യമാണ് നിലവിൽ സൗജന്യമായി നൽകുന്നത്. ഒന്നോരണ്ടോ അംഗങ്ങൾ മാത്രമുള്ള കാർഡുകാർക്കും ഇതു കിട്ടും. അംഗസംഖ്യ കണക്കാക്കി ധാന്യം നൽകിയാൽ കൂടുതൽപ്പേരുള്ള കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രനിലപാട്.
നിലവിൽ പിങ്ക് (പിഎച്ച്എച്ച്), നീല (എൻപിഎസ്) കാർഡുകാർക്ക് അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വിഹിതം നൽകുന്നത്. ഇതേ മാതൃകയാകും മഞ്ഞക്കാർഡിനും സ്വീകരിക്കുക. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതോടെയാണ് എഎവൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ ധാന്യം നൽകാൻ തീരുമാനിച്ചത്.

