പ്രവാസലോകത്തെ സജീവ സാന്നിധ്യമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവിഷ്‌കരിച്ച പുതിയ കാരുണ്യ പദ്ധതിയായ ‘രിഫായി കെയർ’ ഓട്ടിസം ബാധിച്ച ആയിരം കുട്ടികൾക്ക് ആശ്വാസമാകുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,എന്നിവർ ചേർന്ന് പദ്ധതിയുടെ സമർപ്പണം നിർവ്വഹിച്ചു.പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള ആയിരം കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്ന ഈ പദ്ധതി കേരളത്തിന് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച രിഫായി ശൈഖിന്റെ സ്മരണാർത്ഥമാണ് സംഘടന ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ തെരഞ്ഞെടുക്കപ്പെടുന്ന ഓട്ടിസം ബാധിച്ച ആയിരം കുഞ്ഞുങ്ങൾക്ക് മാസത്തിൽ 2500 രൂപ പ്രകാരം വർഷത്തിൽ 30,000 രൂപ വീതമാണ് സാമ്പത്തിക സഹായം നൽകുക.വളർച്ചക്കനുസരിച്ച് തലപോലും ഉറക്കാത്തവർ, സ്വന്തമായി എഴുന്നേറ്റിരിക്കാനോ നടക്കാനോ കഴിയാത്തവർ, വിശപ്പും ദാഹവും പുറത്തു പറയാൻ അറിയാത്തവർ തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് നിഴലായി ജീവിക്കുന്ന ഒട്ടേറെ മാതാക്കൾ നമുക്ക് ചുറ്റിലുമുണ്ട്. സ്വന്തം ജീവിതം പോലും മറന്ന് ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അത്തരം മാതാക്കളെ ചേർത്തുപിടിക്കാനാണ് ഐ സി എഫ്. മുൻഗണന നൽകുന്നത്.
സ്നേഹത്തിന്റെ നനവുള്ള അനശ്വരമായ ഒരു സ്മാരകമായാണ് ‘രിഫായി കെയർ’ പദ്ധതിയെ സംഘടന അവതരിപ്പിക്കുന്നത്.കേരള മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഐ സി എഫ്., പ്രവാസികളുടെ സാമൂഹികവും സാംസ്‌കാരികവും ഇസ്‌ലാമികവുമായ ഉന്നമനത്തിനായി വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പ്രവാസ ലോകത്തെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാനവികതയുടെ വലിയൊരു പാലമായി സംഘടന ഇതിനകം മാറിക്കഴിഞ്ഞു.ലോകം കോവിഡ് പ്രതിസന്ധിയിൽ ശ്വാസം മുട്ടിയ ഘട്ടത്തിൽ ഐ.സി.എഫ്. നടത്തിയ പ്രവർത്തനങ്ങൾ അതീവ ശ്രദ്ധേയമായിരുന്നു. സർക്കാരിന്റെ നോർക്ക ‘കെയർ ഫോർ കേരള’ പദ്ധതിയുടെ ഭാഗമായി വയനാട് മെഡിക്കൽ കോളേജിലും മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലും രണ്ട് ഓക്സിജൻ പ്ലാന്റുകൾ നൽകിക്കൊണ്ട് സംഘടന മാതൃകയായിരുന്നു.ഇതിന്റെ തുടർച്ചയായാണ് ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയമുയർത്തി ‘രിഫായി കെയർ’ പദ്ധതി. ചേർത്തുപിടിക്കലാണ് ഏറ്റവും വലിയ പുണ്യം എന്ന സന്ദേശം പ്രാവർത്തികമാക്കുന്ന ഈ നിർണയം പ്രവാസി സമൂഹത്തിന്റെ മാതൃകാപരമായ ഇടപെടലുകളുടെ അടയാളപ്പെടുത്തൽ കൂടിയാണ്.ബഹ്റൈനിലെ 42 യൂണിറ്റുകളിലായി നടന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഉപഹാരമായാണ് രിഫാഈ കെയർ കുടുംബങ്ങളെ ഏറ്റെടുത്തത്.

