സൗദി തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതികളില്‍ പ്രധാനപ്പെട്ട റിയാദ് മെട്രോ റെയില്‍ യാഥാർഥ്യമായി. സൗദി ഭരണാധികാരി സല്‍മാൻ ബിൻ അബ്ദുല്‍ അസീസ് രാജാവ് മെട്രോ റെയില്‍ രാജ്യത്തിന് സമർപ്പിച്ചു.ബുധനാഴ്ച രാത്രി എട്ടോടെ രാജാവ് വിർച്വല്‍ സംവിധാനത്തില്‍ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. റിയാദില്‍ അല്‍യമാമ കൊട്ടാരത്തില്‍ പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിലൂടെ രാജാവ് ഗാരേജില്‍ കിടന്ന ബ്ലൂ, റെഡ്, വയലറ്റ് ട്രയിനുകളുടെ സ്വിച്ച് ഓണ്‍ കർമം നടത്തി. മൂന്ന് ട്രയിനുകളുടെ എൻജിനുകള്‍ ഓണായി. മുഴുവൻ ലൈറ്റുകളും തെളിഞ്ഞു.
ഡ്രൈവറില്ലാത്ത ട്രയിനുകള്‍ കണ്‍ട്രോള്‍ സെൻട്രലില്‍നിന്നുള്ള റിമോട്ട് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അതേ സംവിധാനം പ്രവർത്തിപ്പിച്ചാണ് രാജാവ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടമായി നഗര ഹൃദയമായ ബത്ഹ, മെട്രോപൊളിറ്റൻ കേന്ദ്രമായ ഒലയ, തെക്കൻ നഗരപ്രാന്തത്തിലെ താഴ്വരപ്രദേശമായ അല്‍ ഹൈർ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ലൈൻ, അബ്ദുല്‍ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ നഗരവീഥികളോട് ചേർന്നുള്ള വയലറ്റ് ലൈൻ എന്നിവയിലൂടെയുള്ള ട്രെയിനുകളുടെ സർവിസിനാണ് ഔപചാരിക തുടക്കം കുറിച്ചത്.ബാക്കി മൂന്ന് ലൈനുകള്‍ അടുത്തമാസം ട്രാക്കിലാകും. അവശേഷിക്കുന്ന യെല്ലോ, ഓറഞ്ച്, ഗ്രീൻ ലൈനുകളില്‍ ഡിസംബർ അഞ്ചിന് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയില്‍ സംവിധാനങ്ങളിലൊന്ന് റിയാദ് നഗരത്തില്‍ പൂർണതയിലെത്തും.