മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് ശരീര ഭാരം 20 കിലോ കുറച്ച് ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേദിയിലാണ് കൂൾ ലുക്കിൽ രോഹിത് എത്തിയത്. തടിയുടെ പേരിൽ ഏറെക്കാലമായി വിമർശനങ്ങൾ കേട്ട രോഹിത് പരിശ്രമത്തിലൂടെയാണ് തടി കുറച്ചത്. പുരസ്‌കാര വേദിയെ അത്ഭുതപ്പെടുത്തിയ രോഹിതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീം ഇറങ്ങുന്നത്. സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഗില്ലിനു കീഴിൽ കളിക്കും. ചാംപ്യൻസ് ട്രോഫി വിജയിച്ച ശേഷമുള്ള അവധി കഴിഞ്ഞാണ് രോഹിത് ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള പരിശീലനം തുടങ്ങി.
എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങളും ബട്ടർ ചിക്കൻ, ചിക്കൻ ബിരിയാണി എന്നിവ രോഹിത് പൂർണമായും ഒഴിവാക്കിയിരുന്നു. ഇന്ത്യൻ ടീം പരിശീലക സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായർക്കു കീഴിലായിരുന്നു രോഹിതിന്റെ തയാറെടുപ്പുകൾ. വർക്കൗട്ടിനു പുറമേ, ബ്രോങ്കോ ടെസ്റ്റിനു വേണ്ടിയും തയാറെടുപ്പുകൾ നടത്തി. ഒക്ടോബർ 19നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.

